മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റില്‍; കാരണമിത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റില്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തിന്റെ പേരിലാണ് യുവരാജ് സിങിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ എസ്സി/എസ്ടി ആക്ട് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്.

യുവരാജിന്റെ ഫോണ്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. 2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ നടന്ന ഒരു പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവരാജിനെതിരെ കേസെടുത്തത്.

ഇന്‍സ്റ്റഗ്രാം ചാറ്റിനിടെ താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. നിര്‍ദ്ദോഷമായി പറഞ്ഞ തമാശയാണെങ്കിലും പരിഹാസത്തിന് യുവരാജ് തിരഞ്ഞെടുത്ത വാക്ക് മോശമായിരുന്നു. ഇതോടെയാണ് ദലിത് സംഘടനകളും ആരാധകരും യുവരാജിന് എതിരെ തിരിഞ്ഞത്.

ലോക്ക് ഡൗണ്‍ സമയത്ത് ടിക് ടോക്കില്‍ സജീവമായിരുന്നു ചെഹല്‍. കുടുംബാംഗങ്ങളെപ്പോലും പങ്കെടുപ്പിച്ചാണ് ചെഹല്‍ ടിക്ടോക്കില്‍ വിഡിയോ ചെയ്തിരുന്നത്. ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഇക്കാര്യം ചര്‍ച്ചയായപ്പോഴാണ് ചെഹലിനെ കളിയാക്കാന്‍ യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുവരാജിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. അര്‍ബുദത്തെപ്പോലും തോല്‍പ്പിച്ച യുവരാജിന് ജാതീയചിന്തകളെ തോല്‍പ്പിക്കാന്‍ ഇനിയുമായിട്ടില്ലെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ സംഭവത്തില്‍ യുവരാജ് നേരത്തെ മാപ്പ് പറഞ്ഞിരുന്നു. ജാതീയമായ തരംതിരിവുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ഹാന്‍സി പോലീസ് അറസ്റ്റു ചെയ്ത യുവരാജിനെ പിന്നീട് ഇടക്കാല ജാമ്യത്തില്‍ വിട്ടു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് താരത്തിന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാന്‍ യുവരാജിനും നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ്പി നിതിക ഗേലോട്ട് വ്യക്തമാക്കി.