HomeEntertainmentസര്‍പ്രൈസ് പുറത്തുവിട്ടു, ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രത്തിലെ വില്ലനായി ഡോ. റോബിനെത്തുന്നു

സര്‍പ്രൈസ് പുറത്തുവിട്ടു, ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രത്തിലെ വില്ലനായി ഡോ. റോബിനെത്തുന്നു

ബിഗ് ബോസ് നാലാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ മറ്റൊരു മത്സരാര്‍ത്ഥിയും ഒരു സീസണിലും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. റിയാസ് എന്ന മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തു എന്നതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. പക്ഷേ മത്സരത്തിനുശേഷം പിന്നീട് റോബിന്റെ വിജയകഥയായിരുന്നു കാണാന്‍ കഴിഞ്ഞത്. നിരവധി ആരാധകര്‍, അവസരങ്ങള്‍, ഉദ്ഘാടനങ്ങള്‍, അഭിമുഖങ്ങള്‍, അങ്ങനെ തിരക്കുപിടിച്ച സമയത്തിലൂടെയായിരുന്നു ഡോ.റോബിന്‍ കടന്നുപോയത്.

അതേ സമയം ഇപ്പോള്‍ റോബിന്‍ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ പരിപാടിയിലൂടെ റോബിന്റെ വരാന്‍ പോവുന്ന സിനിമകളെ പറ്റിയുള്ള വിശദാംശങ്ങളും പുറത്ത് വന്നിരുന്നു. കൂടാതെ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രത്തില്‍ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ബ്രൂസ്ലി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റ് കൂട്ടുകെട്ടായ വൈശാഖും -ഉദയ് കൃഷ്ണയുമാണ്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.
ചിത്രത്തില്‍ ബ്രൂസ്ലിയായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. സിനിമയില്‍ വില്ലനായി എത്താന്‍ പോകുന്നത് റോബിന്‍ രാധാകൃഷ്ണന്‍ ആണ് എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന മറ്റൊരു റിപ്പോര്‍ട്ട്. റോബിന്‍ പങ്കെടുക്കാനെത്തിയ പൊതുപരിപാടികളിലെ ജനസാഗരം പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.

കോഴിക്കോട് നടന്ന ചടങ്ങില്‍ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലനാണ് സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നടത്തിയത്. പുതിയ വാര്‍ത്ത പുറത്ത് വന്നതോടെ റോബിന്റെ ആരാധകര്‍ ആവേശത്തിലാണ്. വില്ലനായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതോടെ റോബിന്റെ ഫാന്‍സ് ബേസ് ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. റോബിന്‍ ആര്‍മി ഗ്രൂപ്പുകളിലും പുതിയ വാര്‍ത്ത ആഘോഷമാക്കുകയാണ്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ ഹീറോ ബ്രൂസ് ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ വന്‍കിട ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിന്റെ സംഘട്ടനവും കൈകാര്യം ചെയ്യുന്നത്.

‘എവരി ആക്ഷന്‍ ഹാസ് കോണ്‍സിക്വുവന്‍സ്’ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് പറഞ്ഞു. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നശേഷം റോബിന് നിരവധി സിനിമാ അവസരങ്ങള്‍ ലഭിച്ചിരുന്നു. റോബിന്‍ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹന്‍ലാല്‍ തന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് നടത്തിയത്. പ്രമുഖ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിന്‍ നായകനായി എത്തുന്നത്.

Most Popular

Recent Comments