ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. മനുഷ്യന്റെ മനസ് വല്ലാതെ അസ്വസ്ഥമെന്ന് തോന്നുമ്പോള്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് സന്തോഷം വീണ്ടെടുക്കാന്‍ ശ്രദ്ധിക്കുക. മനസിന്റെ ആരോഗ്യത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുക. സന്തോഷകരമായ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മനസിന്റെ ആരോഗ്യം എന്നത്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് ഔദ്യോഗികമായി മാനസികാരോഗ്യ ദിനം പ്രഖ്യാപിച്ച തൊണ്ണൂറുകളുടെ തുടക്കം മുതല്‍ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പല പഠനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇന്നും ഒരു വിഭാഗത്തിന് കാര്യമായി അറിവില്ല. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.
അതേ സമയം മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം, മാനസിക രോഗങ്ങളുടെ ചികിത്സയുടെ ആവശ്യകത തുടങ്ങിയവയാണ് ലോക മാനസികാരോഗ്യ ദിനം ഓര്‍മ്മപ്പെടുത്തുന്നത്.’എല്ലാവരുടേയും മാനസികാരോഗ്യത്തിനും സൗഖ്യത്തിനും ആഗോള മുന്‍ഗണന നല്‍കുക’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ പ്രമേയം. മാനസികമായി സമ്മര്‍ദ്ദം അനുഭവിക്കുന്ന ഓരോരുത്തര്‍ക്കും സഹായം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ എട്ടില്‍ ഒരാളെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കൊവിഡിനെ തുടര്‍ന്ന് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വ്യാപനത്തില്‍ 25 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി വിദഗ്ധരും പറയുന്നു. കൊവിഡ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോള്‍ അത് മാനസികമായും അവരെ ബാധിച്ചു. ഒരു പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു മാനസികസംഘര്‍ഷത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നു പോയത്.
മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍…
അമിതമായ ദേഷ്യം
ചിലരില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി
സമൂഹത്തില്‍ നിന്നും ഒറ്റപ്പെടല്‍
ഉള്‍വലിഞ്ഞ സ്വഭാവം
നിഷേധ മനോഭാവം
ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത
അകാരണമായ പേടി
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തുടങ്ങിയവയൊക്കെ ഒരു പക്ഷേ മാനസികാരോഗ്യവും ബന്ധപ്പെട്ടിരിക്കാം.
ക്രിയാത്മകവും പോസിറ്റീവുമായിരിക്കാനും വിശ്വാസവും പ്രത്യാശയും ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നത് തന്നെയാണ് മാനസികാരോഗ്യം ഊട്ടിയുറപ്പിക്കാനുള്ള പ്രധാന മരുന്ന്. കോഗ്‌നീറ്റീവ് തെറാപ്പി, മെഡിറ്റേഷന്‍, തുറന്നെഴുത്തുകള്‍, മറ്റ് സൈക്കോതെറാപ്പികള്‍ എന്നിവ പ്രൊഫഷണലുകളുടെ സഹായത്തോടെ ചെയ്യാം. സ്വയം വിലയിരുത്തുക, മറ്റുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുക, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ എങ്ങനെ നിറവേറ്റുന്നു എന്ന് മനസിലാക്കുക, സമ്മര്‍ദ്ദത്തിലാണോ, മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടോ, എന്നീ കാര്യങ്ങള്‍ തിരിച്ചറിയുക.
Recent Comments