ആയുധങ്ങളല്ല, അഹിംസയാണ് വേണ്ടതെന്ന് ഇന്ത്യയെ പഠിപ്പിച്ച ബാപ്പുജി, കാലം പോറലേല്‍പ്പിക്കാത്ത മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലുമായി ഇന്ന് ഗാന്ധി ജയന്തി. അഹിംസയെന്ന ഉയര്‍ന്ന ദര്‍ശനത്തിന്റെ ഏറ്റവും മികച്ച വക്താവാണ് ഗാന്ധിജി. 1869 ല്‍ ഒക്ടോബര്‍ 2ന് പോര്‍ബന്ദറിലാണ് അദ്ധേഹം ജനിക്കുന്നത്. മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. ആയുധങ്ങള്‍ കൈവശമാക്കിയ ബ്രിട്ടിഷ് അധികാരികള്‍ക്ക് മുന്‍പില്‍ അഹിംസ കൊണ്ട് പോരാടിയ ഗാന്ധിജി. മറ്റാര്‍ക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത വിധമായിരുന്നു ആ ജീവിതം. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും ഒക്ടോബര്‍ 2 എന്നത് വിശേഷപ്പെട്ട ദിനം തന്നെയാണ് ഓരോ ഇന്ത്യക്കാരനും. എല്ലാ ഭാരതീയന്റെ ഹൃദയത്തിലും ഈ ദിവസമുണ്ടാവും, ഗാന്ധിജിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.
കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദര്‍ശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു. സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
മഹാത്മാവിനെ ആത്മാവായി നെഞ്ചേറ്റുന്ന ഈ നാട് ഗാന്ധിയുടെ രാഷ്ട്രസങ്കല്‍പത്തില്‍ നിന്ന് ഒരുപാട് അകലെയാണെങ്കില്‍ അവിടെയും ആ മറവികളുടെ മണല്‍ത്തരികള്‍ ചേര്‍ന്ന് മരുഭൂമിയായത് കാണാം. ഉള്‍ക്കണ്ണുതുറന്ന് നമുക്ക് ചുറ്റുംനോക്കിയാല്‍ എവിടെയുമുണ്ട് ഗാന്ധി. നീതിക്കായുള്ള നിലവിളികളില്‍, നീതി നിഷേധങ്ങളില്‍, നിലനില്‍പ്പിനെക്കരുതി സ്വയം പേറേണ്ടിവരുന്ന ചൂഷണങ്ങളില്‍, തെരുവിലെ വിശപ്പുപേറിയുള്ള പിടച്ചിലുകളില്‍, ഒട്ടിയ വയറുകളില്‍, കാടത്തം ചവച്ചുതുപ്പുന്ന പെണ്‍ശരീരങ്ങളില്‍, കുടിവെള്ളത്തിനായുള്ള നീണ്ട വരികളില്‍ അങ്ങനെ എവിടെയുമുണ്ട് ആ മനുഷ്യന്‍. ഒടുവിലെ മനുഷ്യനുപോലും നീതികിട്ടും വരെ ഈ രാജ്യം സ്വതന്ത്രമാവില്ലെന്നു പറഞ്ഞ് കടന്നുപോയ ആ മഹാത്മാവ് അങ്ങനെ ഒരു ഓര്‍മയും ഓര്‍മപ്പെടുത്തലുമാകുന്നു.
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ ചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വാംശീകരിച്ചവരില്‍പെടുന്നു. ഭാരതീയര്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുകയാണ്. ആ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.
Recent Comments