ജോർജുകുട്ടി ഉടൻ ടോളിവുഡിലും എത്തും

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബ്സ്റ്റർ ചിത്രമായ ദൃശ്യം 2ന്റെ തെലുഗ് പതിപ്പ് ഒ ടി ടി റിലീസിനു ഒരുങ്ങുന്നു. ജീത്തു ജോസഫ് തന്നെയാണ് തെലുഗ് പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ദൃശ്യത്തിന്റെ ആദ്യ പതിപ്പും ജീത്തു തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. വെങ്കിടേഷ് പ്രസാദ്, മീന, നാദിയ മൊയ്ദു, സമ്പത് രാജ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഡി സുരേഷ് ബാബു, ആന്റണി പെരുമ്പാവൂർ, രാജ് കുമാർ സേതുപതി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിൽ ലഭിച്ചത് പോലെ തന്നെ ദൃശ്യത്തിന്റ ആദ്യ പതിപ്പിനും തെലുങ്കിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഒ ടി ടി റിലീസ് ആയി എത്തിയ ദൃശ്യം 2ന് ലോകമെമ്പാടമുള്ള സിനിമ പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രായം ആണ് ലഭിച്ചതും. കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാത്തതിനാലാണ് ചിത്രം ഒടിടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ഫെബ്രുവരി 19ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതുകൊണ്ടാണ് ചിത്രത്തെ ലോകമെമ്പാടമുള്ള സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞതെന്നും അതിനാലാണ് ചിത്രത്തിന് ഇത്രയും മികച്ച പ്രതികരണം ലഭിച്ചതെന്നും, അതിൽ സന്തോഷം ഉണ്ടെന്നും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും പ്രതീകരിച്ചിരുന്നു. മലയാളത്തിൽ ലഭിച്ച വൻ പിന്തുണമൂലമാണ് ചിത്രം തെലുങ്കിലേക്കും ഒരുക്കാൻ ജീത്തു ജോസഫിന് പ്രേരണ ആയത്.

ചിത്രം ഉടൻ തന്നെ തമിഴിലേക്കും റീമേക്ക് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. തമിഴിലെ ആദ്യ പതിപ്പിൽ പ്രധാന വേഷത്തിൽ എത്തിയ കമൽ ഹസ്സൻ തിരക്കുകൾ മൂലം രണ്ടാം പതിപ്പിന്റെ റീമേക്കിൽ നിന്ന് ആദ്യം പിന്മാറിയിരുനെങ്കിലും പിന്നീട് റീമേക് ചെയ്യുവാനായി ജീത്തു ജോസഫിനെ സമീപിക്കുകയായിരുന്നു.ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തീയേറ്ററിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുനെങ്കിലും കോവിഡ് വീണ്ടും പിടി മുറുക്കിയതോടു കൂടി ഓൺലൈൻ ആയി റിലീസ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിലീസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.