“ഇത് ഗിരി രാജൻ കോഴി തന്നെയാണോ?” ; ഷറഫുദീന്റെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ!

 

2013 ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ഷറഫുദ്ദീന്‍. കോമഡി നടനായി വന്ന് ഇപ്പോള്‍ കട്ട വില്ലനായി മാറി എല്ലാവരേയും ഞെട്ടിച്ച താരം കൂടിയാണ് ഷറഫുദ്ദീന്‍. തുടക്ക കാലത്തിലെ ഷറഫിന്റെ കോമഡി കഥാപാത്രങ്ങൾ എല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ‘പ്രേമ’ത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രം ഷറഫൂദീനെ താരമാക്കി മാറ്റുകയായിരുന്നു. എന്നാൽ ഇപ്പോൾ വളരെ സീരിയസ് കഥാപാത്രങ്ങൾ എല്ലാം ശറഫുദ്ധീൻ ഏറ്റെടുക്കുകയാണ്. ആർക്കറിയാം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും താരം ഇപ്പോൾ വളരെ സജീവമാണ്. ഇപ്പോഴിതാ ഷറഫുദീന്റെ പുത്തൻ ലുക്കിലുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ട് ഇരിക്കുന്നത്.

മുടിയും താടിയും മീശയുമൊക്കെ നീട്ടി വളർത്തി വേറിട്ടൊരു ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതു വേഷവും തൻ്റെ പക്കൽ സുരക്ഷിതമാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞ നടൻ്റെ പുത്തൻ ലുക്ക് കണ്ട് ആരാധകർ ചോദിക്കുന്നത് ഇതാര് ഗിരിരാജൻ കോഴിയാണോ എന്നാണ്. ഒറ്റനോട്ടത്തിൽ ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ് ഷറഫുദ്ദിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ സഹപ്രവർത്തകരും ആരാധകരും എല്ലാം ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. പാവാട, പ്രേതം, കാർബൺ, ഹാപ്പി വെഡ്ഡിംഗ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോർജേട്ടൻസ് പൂരം, റോൾ മോഡൽസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, തൊബാമ, ജോണി ജോണി യെസ് പപ്പ, ചിൽഡ്രൻസ് പാർക്ക്, വൈറസ്, വരത്തൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പിന്നീട് ഷറഫുദ്ദീൻ വേഷമിട്ടു.

താരം ഹാസ്യ കഥാപാത്രങ്ങളില്‍ സ്ഥിരമായി എത്തിക്കൊണ്ടിരിക്കെയാണ് വരത്തനിലെ വില്ലനായി വരുന്നത്. വരത്തനിലെ വില്ലന്‍ വേഷത്തിന് ശേഷം ഷറഫുദ്ദീന്‍ വീണ്ടും ഞെട്ടിച്ച വേഷമായിരുന്നു അഞ്ചാം പാതിരയിലേത്. ഡോക്ടര്‍ ബെഞ്ചമീന്‍ ലൂയിസായെത്തിയ താരത്തിന്റെ പ്രകടനത്തിന് ആരാധകരും നിരൂപകരും ഒരുപോലെ കെെയ്യടിക്കുകയായിരുന്നു. പിന്നീട് ആർക്കറിയാം എന്ന ഹിറ്റ് ചിത്രത്തിലെ ഗൌരവക്കാരനായ കഥാപാത്രമായും ഷറഫുദ്ദീൻ വലിയ കൈയ്യടി നേടിയിരുന്നു. നായകതുല്യമായ വേഷത്തിൽ ഷറഫുദ്ദീൻ എത്തിയ ചിത്രമായിരുന്നു ‘നീയും ഞാനും’. 2015 ലായിരുന്നു ഷറഫുദ്ദീൻ്റെ വിവാഹം. ബീമയാണ് ഭാര്യ. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. മക്കളുമൊത്തുള്ള രസകരമായ നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.