മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതിമാരായിരുന്നു ഐ.വി ശശിയും സീമയും. ഐ.വി ശശി അന്തരിച്ചെങ്കിലും ഇന്നും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് ഐ.വി ശശിയും സീമയും. പ്രേമം ആര്‍ക്കാണ് ആദ്യം തുടങ്ങിയതെന്ന് രണ്ടാള്‍ക്കും അറിയില്ലെന്നാണ് എങ്ങനെയാണ് പ്രണയത്തിലേക്ക് എത്തിയതെന്ന് സീമയോടും ഐ.വി ശശിയോടും ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഇരുവരും പറഞ്ഞത്. അതേ സമയം സീമയെ ഒരു പാട്ടിലേക്ക് വിളിച്ചപ്പോള്‍ തനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നെന്ന് ശശി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് വേറാരും പെണ്ണ് കൊടുക്കാത്തത് കൊണ്ടാണ് തന്നെ കെട്ടിയതെന്നാണ് തമാശ രൂപേണ സീമ പറഞ്ഞത്.
ഐ.വി ശശി അന്തരിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഞാനൊരു ചട്ടമ്പിയാണ്. പക്ഷെ ശശിയേട്ടന്‍ പാവമാണ്. 2012 മുതല്‍ 2017 വരെയുള്ള കാലഘട്ടങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായിട്ടേയില്ല. അസുഖം വന്നശേഷം അദ്ദേഹത്തിന് ഭയങ്കര സ്നേഹമായിരുന്നുവെന്ന് സീമ പറഞ്ഞു.
മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ ഐവി ശശി നല്‍കിയിട്ടുണ്ട്. 150 ഓളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന് തന്റെ കരിയറിലെ ബ്രേക്ക് നല്‍കിയ ചിത്രം ഇനിയെങ്കിലും സംവിധാനം ചെയ്തത് ഐ.വി ശശിയായിരുന്നു. അതുപോലെ മമ്മൂട്ടിയെ ആദ്യമായി നായകനായതും ഐ.വി ശശിയുടെ തൃഷ്ണ എന്ന ചിത്രത്തിലൂടെയാണ്. ഐ.വി ശശിയ്‌ക്കൊപ്പം 35 ലധികം സിനിമകളില്‍ മമ്മൂട്ടി ഒന്നിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദേവാസുരം സംവിധാനം ചെയ്തതും ഐ.വി ശശിയായിരുന്നു.
ഐ.വി ശശി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിത്രമാണ് അവളുടെ രാവുകള്‍. മലയാളത്തില്‍ ആദ്യമായി എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകള്‍. സീമയായിരുന്നു ചിത്രത്തില്‍ ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലെത്തിയത്. സീമ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു അവളുടെ രാവുകള്‍. പല നടിമാരും ഏറ്റെടുക്കാന്‍ വിസമ്മതിച്ച കഥാപാത്രം സീമ ഏറ്റെടുത്ത് മികവുറ്റതാക്കുകയും മലയാളത്തിലെ മുന്‍നിര നടിയായി സീമ പിന്നീട് വളരുകയും ചെയ്തു. ഒടുവില്‍ ഐ.വി ശശിയുടെ ജീവിത സഖിയായും സീമ മാറി.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. തന്റെ 69ആം വയസില്‍ ചെന്നൈയിലെ സ്വവസതിയില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ഐ.വി ശശി അന്തരിച്ചത്.
Recent Comments