പ്രേക്ഷകരുടെ ഇഷ്ട പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ ഇപ്പോഴും സംശയം ഒന്നുമില്ല അത് സാന്ത്വനം തന്നെ….!
സാന്ത്വനം വീട്ടിലെ ഓണ വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വളരെ മനോഹരമായി കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് വീട്ടിലെ താരങ്ങള്‍ ഓണാഘോഷത്തില്‍ പങ്കുചേരുന്നത്. പതിവിന് വിപരീതമായി അപ്പുവിന്റെ ഡാഡിയും മമ്മിയും ഈ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ എത്തി. എല്ലാവര്‍ക്കും ഓണക്കോടിയുമായാണ് ഇരുവരും എത്തിയത്. അഞ്ജലിയുടെ അച്ഛനും എല്ലാവര്‍ക്കും ഓണക്കോടിയുമായി സാന്ത്വനം വീട്ടില്‍ ഓണം ആഘോഷിക്കാന്‍ എത്തിയിരുന്നു. ബാലേട്ടനും ദേവിയേടത്തിക്കും അഞ്ചുവും അപ്പുവും ഓണക്കോടികള്‍ നല്‍കി. പതിവുപോലെതന്നെ കളിചിരിയും തമാശയുമായാണ് ഈ ഓണം സാന്ത്വനം കുടുംബത്തില്‍ വന്നെത്തിയത്. ഒരുപാട് പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പുകയുന്നുണ്ടെങ്കിലും ഓണത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ കുടുംബാംഗങ്ങള്‍.
കൃഷ്ണ സ്റ്റോഴ്സ് എന്ന പലചരക്ക് കട നടത്തുന്ന സാന്ത്വനം കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. സാന്ത്വനം വീട്ടിലെ ഹരി, അപര്‍ണ്ണയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അപര്‍ണ്ണയുടെ അച്ഛനായ തമ്പി അന്നുമുതലേ സാന്ത്വനം വീടുമായി സ്വരച്ചേര്‍ച്ചയില്‍ അല്ല. ശേഷം പല പ്രശ്നങ്ങളും തമ്പി ആ വീട്ടില്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് കുടുംബം തരണം ചെയ്തിട്ടുമുണ്ട്. അഞ്ജലിയും ശിവനും അപ്രതീക്ഷിതമായാണ് വിവാഹിതരായതെങ്കിലും ഇപ്പോള്‍ വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ദേവിയേടത്തിയും ബാലേട്ടനും അമ്മയുമാണ് ആ വീടിന്റെ എല്ലാ ഐശ്വര്യവും എന്ന് തന്നെ പറയാം. കൂട്ടുകുടുംബത്തിന്റെ നന്മ നിറഞ്ഞ കഥയാണ് പരമ്പര പറയുന്നത്.
കൃഷ്ണ സ്റ്റോഴ്സ് എന്ന കടയില്‍ നിന്നുള്ള വരുമാനമാണ് സാന്ത്വനം കുടുംബത്തെ താങ്ങിനിര്‍ത്തുന്നത്. വീട്ടിലെ ഇളയവനായ കണ്ണന്‍ ഒഴികെ ബാക്കി എല്ലാവരും കടയില്‍ തന്നെയാണ് ജോലി നോക്കുന്നതും. എന്നാല്‍ ഇപ്പോള്‍ സാന്ത്വനം വീട്ടുകാരുടെ ആഗ്രഹം സ്വന്തമായൊരു ചെറിയ ഷോപ്പിംഗ് കോംപ്ലക്സാണ്. അതിനായുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് അവര്‍.
ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ആദ്യ സ്ഥാനങ്ങളില്‍ എപ്പോഴും ഇടം പിടിക്കാറുള്ള ഒന്നാണ് സാന്ത്വനം. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി എത്തിക്കാന്‍ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളൊക്കെയും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരരാണ്.
Recent Comments