‘ഷൂട്ടിംഗ് കാണാന്‍ പോയ തന്നെ പിടിച്ച് അഭിനയിപ്പിക്കുകയായിരുന്നു’; തന്റെ ആദ്യ സിനിമ അനുഭവം പറഞ്ഞ് സംയുക്ത, സംഭവം കേട്ട് അന്തംവിട്ട് ആരാധകര്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. പ്രേക്ഷകര്‍ ഓര്‍ത്ത് വയ്ക്കുന്ന തരത്തില്‍ ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്.

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് താരം ബിജു മേനോനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും താരം വിട്ട് നിന്നിരുന്നു. യോഗയും വീട്ടുഭരണവുമായി തിരക്കിലായ സംയുക്ത ഇപ്പോള്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

താരത്തിന്റെ ആദ്യ സിനിമയായി അറിയപ്പെടുന്നത് 1999ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രമായിരുന്നു.

എന്നാല്‍ അതിനു മുന്‍പേ സംയുക്ത വെള്ളിത്തിരയില്‍ എത്തിയിരുന്നു എന്നുള്ളത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. 1992ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സര്‍ഗം’ ആണ് സംയുക്ത അഭിനയിച്ച ആദ്യ ചിത്രം. ഷൂട്ടിംഗ് കാണാന്‍ പോയ തന്നെ ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് സംയുക്ത പറയുന്നത്.

കൗമുദിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ആദ്യ സിനിമയെ കുറിച്ച് സംയുക്ത വെളിപ്പെടുത്തിയത്.’സര്‍ഗത്തില്‍ എന്റെ ചെറിയമ്മ ഊര്‍മ്മിള ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ചെറിയമ്മയോടൊപ്പം ഷൂട്ടിംഗ് കാണാന്‍ പോയതാണ്.

ആ സമയത്ത് നന്ദിനി എന്ന രണ്ടാം നായികയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ കുട്ടിയെ കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഞാനതില്‍ അഭിനയിക്കുകയായിരുന്നുവെന്നും സംയുക്ത പറയുന്നു.

ഹരിഹരന്‍ സാര്‍ എപ്പോഴും പറയാറുണ്ട്. ‘ നീ ആദ്യം അഭിനയിച്ചത് എന്റെ സിനിമയിലാണെന്ന്’. പക്ഷേ ആളുകള്‍ തിരിച്ചറിഞ്ഞത് ഭാവന എന്ന കഥാപാത്രത്തെയാണ്- എന്നും സംയുക്ത പറഞ്ഞു.