എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്‍കിയ മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് നടന്‍ പ്രേംകുമാര്‍; ഈ പിറന്നാള്‍ ആശംസ നിങ്ങളുടെ കണ്ണ് നനയിക്കും

മലയാളത്തിലെ ഒരു കാലത്തെ പ്രമുഖ നടനായിരുന്നു പ്രേംകുമാര്‍. നായകനായും സഹനടനായും കോമഡി താരമായും നിറഞ്ഞാടിയ താരം മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. പ്രേം കുമാറിന്റെ മകളുടെ പിറന്നാളായിരുന്നു ഇന്ന്. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രേം കുമാറിനും ഭാര്യ ജിഷയ്ക്കും കുഞ്ഞ് ജനിക്കുന്നത്.

മകള്‍ക്ക് പിറന്നാള്‍ നേര്‍ന്ന് എത്തിയ പ്രേം കുമാറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഓര്‍ക്കാനൊരു ജന്മദിനംപോലുമില്ലാത്ത കുഞ്ഞുങ്ങള്‍, അനാഥ കുഞ്ഞുങ്ങളെയും ചേരികളിലും അതിനെക്കാള്‍ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളില്‍ വീണുലയുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങള്‍ അങ്ങനെ അനേകായിരം കുഞ്ഞുങ്ങളെ എല്ലാം ഓര്‍ത്തു കൊണ്ടാണ് പ്രേം കുമാര്‍ മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.
മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് കണ്ണ് നിറയുകയാണ് ആരാധകര്‍ക്ക്.

ഫേസ്ബുക്ക് പോസ്റ്റ്:

ഓര്‍ക്കാനൊരു ജന്മദിനംപോലുമില്ലാത്ത കുഞ്ഞുങ്ങള്‍.തങ്ങള്‍ക്ക് ഓര്‍ക്കാനും – തങ്ങളെ ഓര്‍ക്കാനും, ആരുമില്ലാത്ത കുഞ്ഞുങ്ങള്‍.ഓര്‍മകളില്‍ പോലും ഒരാളുമില്ലാത്ത അനാഥരായ കുഞ്ഞുങ്ങള്‍.’ഓര്‍ക്കരുതാത്തതുകള്‍’ മാത്രം.’ഓര്‍മിക്കാനുള്ള’ കുഞ്ഞുങ്ങള്‍.

ഓര്‍മകള്‍ പോലുമില്ലാത്ത കുഞ്ഞുങ്ങള്‍.തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങള്‍.ചേരികളിലും അതിനെക്കാള്‍ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളില്‍ വീണുലയുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങള്‍.

ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങള്‍.ദാരിദ്ര്യത്തിന്റെ, നരകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍.പഠിക്കേണ്ട പ്രായത്തില്‍ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങള്‍.

ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങള്‍.പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളില്‍ – പോഷകാംശം ലേശവുമില്ലാതെ മരിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങള്‍..മാരകരോഗങ്ങള്‍ -അംഗവൈകല്യം – ബുദ്ധിമാന്ദ്യം – തുടങ്ങി ഈ ലോകത്തിന്റെ വര്‍ണ്ണവും വെളിച്ചവും മനോഹാരിതയുമെല്ലാം നിഷേധിക്കപ്പെട്ട് – ഒന്നും അറിയാനാകാതെ, ഇരുളിലുഴലുന്ന കുഞ്ഞുങ്ങള്‍.

ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓര്‍ത്തുകൊണ്ട് – അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളില്‍ നിറച്ചുകൊണ്ട് – ആ കുഞ്ഞു ബാല്യങ്ങളെയെല്ലാം ഹൃദയത്തോട് ചേര്‍ത്തുകൊണ്ട് -അവര്‍ക്കായി മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട് -എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്‍കിയ ഞങ്ങളുടെ കുഞ്ഞിന്റെ
ഒരു ജന്മദിനംകൂടി പതിവുപോലെ ഓരാഘോഷവും ആരവങ്ങളുമില്ലാതെ കടന്നുപോയി…

ഞങ്ങളുടെ കുഞ്ഞിനെ ഓര്‍മിച്ചവര്‍ക്ക്, ആശംസകളറിയിച്ചവര്‍ക്ക്, പ്രാര്‍ത്ഥിച്ചവര്‍ക്ക്…ഏവര്‍ക്കും… ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും എല്ലാ നന്മയും സ്‌നേഹവും സന്തോഷവും സമാധാനവുമാശംസിക്കുന്നു..ഹൃദയപൂര്‍വ്വം
പ്രേംകുമാര്‍ – ജിഷാപ്രേം.