മലയാളികളുടെ പ്രിയപെട്ട ചലച്ചിത്രതാരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. മലയാളം, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1986ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നടിയായും സഹനടിയായും പൂര്‍ണ്ണിമ സിനിമകളില്‍ സജീവമായി.വര്‍ണ്ണകാഴ്ചകള്‍, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, ഡബിള്‍ ബാരല്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ പരമ്പരകളിലും സജീവമാണ്. 2002ല്‍ ചലച്ചിത്രതാരം ഇന്ദ്രജിത്തിനെ വിവാഹം ചെയ്തു. പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെച്ച പൂര്‍ണിയുടെ അഭിമുഖമാണ് വൈറലാകുന്നത്. സിനിമയില്‍ നിന്ന് വിട്ടുനിന്നപ്പോഴും സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ഉള്‍ക്കരുത്ത് എവിടെ നിന്ന് ലഭിച്ചുവെന്നാണ് പൂര്‍ണിമ അഭിമുഖത്തില്‍ പറഞ്ഞത്.
ജോലി ചെയ്യുന്ന സ്ത്രീ എന്ന ഊര്‍ജം എത്രയോ വലുതാണെന്ന് കണ്ടറിഞ്ഞതാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്നത്. അച്ഛന്‍ വക്കീല്‍ ആയിരുന്നെങ്കിലും അമ്മ അധ്വാനിച്ച് പണമുണ്ടാക്കി. ഞാന്‍ സിനിമയില്‍ ഉള്ളപ്പോഴും ഇന്ദ്രനെ കല്യാണം കഴിച്ചപ്പോഴുമൊക്കെ അമ്മ ആ നഴ്‌സറി സ്‌കൂളുമായി മുന്നോട്ടുപോയി. ഇന്ദ്രന്റെ അമ്മയെക്കുറിച്ച് ആലോചിക്കൂ… 49ആം വയസിലാണ് ഇന്ദ്രന്റെ അച്ഛന്‍ പോയത്. അമ്മയ്ക്ക് അന്ന് 40 വയസാണ്, വിവാഹം കഴിഞ്ഞ് ഒരുപാട് വര്‍ഷം അഭിനയിക്കാതെ ഇരുന്നിട്ടും മല്ലിക സുകുമാരന്‍ എന്ന പേര് അമ്മ തിരിച്ചുപിടിച്ചു. ഇന്ന് വേണമെങ്കിലും ഇന്ദ്രന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്ന നിലയില്‍ ഒതുങ്ങിക്കൂടാം. പക്ഷെ ഞങ്ങളേക്കാളൊക്കെ തിരക്ക് അമ്മയ്ക്കാണ്. 67ആം വയസില്‍ അമ്മയ്ക്ക് അങ്ങനെ ജീവിക്കാന്‍ പറ്റുന്നു എന്നത് എത്ര അഭിമാനമുള്ള കാര്യമാണ്. എന്നെ കാണണമെങ്കില്‍ മക്കള്‍ എന്റെ അടുത്തേക്ക് വരട്ടെ എന്നാണ് അമ്മയുടെ കാഴ്ചപ്പാട്. ഈ രണ്ട് അമ്മമാരെ പോലെ ജീവിക്കാനാവണം എന്നാണ് എന്റെ മോഹം.
ഞാന്‍ അറിയപ്പെടേണ്ടത് ഞാന്‍ എന്ന വ്യക്തിയിലൂടെയാണ്. മറ്റാരുടെയും വിലാസത്തില്‍ അല്ല. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ മുന്‍ഗണനകള്‍ ഉണ്ടാകും. എനിക്ക് ആ പ്രായത്തില്‍ കുടുംബത്തിനായിരുന്നു മുന്‍ഗണന. ഒപ്പം ജോലിയും ചെയ്തു. സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും സംരംഭകയായും ചാനല്‍ ഷോകളിലൂടെയും ഒരേ സമയം രണ്ട് പ്രഫഷനിലൂടെ മുന്നോട്ട് പോയി. ഇപ്പോള്‍ മക്കള്‍ കൗമാരത്തില്‍ എത്തി. ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിന് സമയമായെന്ന് തോന്നി. അങ്ങനെ വീണ്ടും സിനിമയിലും വെബ്‌സീരീസുകളിലും എത്തി. പണ്ടേ മേക്കപ്പും സ്‌റ്റൈലിങ്ങും ഇഷ്ടമാണ്.
പ്രാണ ബൈ പൂര്‍ണിമ ഇന്ദ്രജിത്ത് എന്ന പേര് പോലും ഇന്ദ്രന്റെ സെലക്ഷനാണ്. പ്രാര്‍ഥനയില്‍ നിന്നും നക്ഷത്രയില്‍ നിന്നുമാണ് പ്രാണ എന്ന പേരുണ്ടായത്. നക്ഷത്രയ്ക്ക് മൂന്ന് വയസുള്ളപ്പോഴാണ് പ്രാണ തുടങ്ങുന്നതെന്നു പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്നു.
Recent Comments