ഓണം ബമ്പറില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്; 12 കോടിയുടെ ഭാഗ്യവാന്‍ മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍

ഓണം ബംപര്‍ നറുക്കെടുപ്പില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. ഓണം ബംപര്‍ നറുക്കെടുപ്പില്‍ തനിക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് അവകാശപ്പെട്ട് നേരത്തെ വയനാട് സ്വദേശി രംഗത്ത് വന്നിരുന്നു.

പാലക്കാടുള്ള സുഹൃത്തിന്റെ പക്കല്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്നും ഗൂഗില്‍ പേ വഴി പണം നല്‍കിയാണ് ടിക്കറ്റ് എടുത്തതെന്നുമായിരുന്നു അബുദാബിയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന വയനാട് സ്വദേശിയായ സൈതലവി അവകാശപ്പെട്ടത്.

പിന്നാലെ ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ വമ്പന്‍ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. 12 കോടിയുടെ വിജയി സൈതലവിയല്ല മരട് സ്വദേശി ജയപാലന്‍ ആണ്. സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലന്‍ മറ്റുള്ളവരെ കാണിച്ചു. ഓട്ടോ ഡ്രൈവറായ ജയപാലന്, ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 10നാണ് ടിക്കറ്റെടുത്തതെന്നു ജയപാലന്‍ പറഞ്ഞു. TE645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം അടിച്ചതെന്നും പന്ത്രണ്ട് കോടിയുടെ ടിക്കറ്റ് വിറ്റത് ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നും കണ്ടെത്തിയിരുന്നു.

കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഭാഗ്യശാലിയെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജയപാലന്‍ ടിക്കറ്റ് ബാങ്കില്‍ സമര്‍പ്പിച്ചതോടെ വിജയി ആരാണെന്ന കാര്യത്തില്‍ വ്യക്ത വന്നിരിക്കുകയാണ്.