ചെറിയ റോളാണെങ്കിലും ശ്രദ്ധേയമായ ചില വേഷങ്ങളെ, ചില കഥാപാത്രങ്ങളെ നാം പെട്ടെന്ന് മറക്കില്ല. ആ വ്യക്തി പിന്നീട് അറിയപ്പെടുന്നതും ആ കഥാപാത്രത്തിന്റെ പേരില്‍ ആയിരിക്കും…അങ്ങനെയാണ് വിജീഷിന് നൂലുണ്ട എന്ന പേര് കിട്ടുന്നത്. നമ്മള്‍ എന്ന സിനിമയിലെ നൂലുണ്ടയെ ഓര്‍മ്മയില്ലേ?? എത്ര മികച്ച രീതിയിലാണ് ആ വേഷത്തെ വിജീഷ് കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെയാണ് ജനമനസ്സുകളില്‍ ഇന്നും ആ കഥാപാത്രം നിലനില്‍ക്കുന്നത്. സിനിമയില്‍നിന്ന് ഇത്രയും കാലം മാറിനിന്നെങ്കിലും ആ കഥാപാത്രത്തെ മലയാളി മറന്നിരുന്നില്ല. നമ്മള്‍ എന്ന ചിത്രത്തിലെ തടിയനായ നൂലുണ്ട എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് വിജീഷ് ശ്രദ്ധേയനാവുന്നത്. സമാനമായ നിരവധി വേഷങ്ങളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. കുറേ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന വിജീഷ് ഇപ്പോള്‍ തിരിച്ച് വരികയാണ്. ഏകദേശം ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജീഷ് തിരിച്ച് വരുന്നത്.
വിജീഷിന്റെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം
അഭിനയത്തില്‍ നിന്ന് മാറി നിന്നന്നേയുള്ളൂ. പക്ഷേ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഖത്തറില്‍ ബിസിനസുണ്ട്. അതിനൊപ്പം കുറച്ച് യാത്രകളും എന്റേതായ ചില കാര്യങ്ങളുമൊക്കെയായി പോവുകയായിരുന്നു. അതുകൊണ്ടാണ് സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നതെന്നാണ്’ വിജീഷ് പറയുന്നത്. സിനിമയോടുള്ള പാഷന്‍ തന്നെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിച്ചത്. ഇപ്പോഴും നൂലുണ്ട എന്ന് ആളുകള്‍ വിളിക്കുമ്പോള്‍ സന്തോഷമാണ്.
ഇത്രയും വലിയ മാറ്റത്തിന് പിന്നിലെ കാരണത്തെ കുറിച്ച് നടന്‍ വ്യക്തമാക്കി. ‘ഇപ്പോള്‍ ഭക്ഷണത്തിലൊക്കെ നന്നായി ശ്രദ്ധിക്കും. പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് മാറി. വൈകുന്നേരം 5.30 കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഒരു ഭക്ഷണവും കഴിക്കില്ല. ഷുഗര്‍, ഫ്രൈഡ് ഫുഡ്, മൈദ തുടങ്ങിയ വസ്തുക്കളൊക്കെ പൂര്‍ണമായും ഒഴിവാക്കി. ഇനി മധുരം കഴിക്കണമെന്ന് തോന്നിയാല്‍ ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയിട്ട് കുടിക്കും. പിന്നെ രാവിലത്തെ ഭക്ഷണവും ഉച്ചയ്ക്കത്തേതും കൂട്ടി ബ്രഞ്ച് ആയിട്ടാണ് കഴിക്കാറ്. ഭക്ഷണം ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ മോണിംഗ് വര്‍ക്കൗട്ടും മെഡിറ്റേഷനും ചെയ്യുന്നുണ്ട്’ വിജീഷ് പറയുന്നു.
വിനീത് കുമാര്‍ നായകനായി അഭിനയിക്കുന്ന സൈമണ്‍ ഡാനിയേല്‍ എന്ന ചിത്രത്തിലൂടെയാണ് വിജീഷ് തിരിച്ച് വരവിനൊരുങ്ങുന്നത്. സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് വിനീതാണെന്നാണ് വിജീഷ് പറയുന്നത്. ചിത്രത്തില്‍ വിനീതിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായ ആര്‍ക്കിയോളജിസ്റ്റ് സന്തോഷ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മുഴുനീളം സിനിമയില്‍ ഇല്ലെങ്കിലും ഇതുവരെ ചെയ്തതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് തനിക്കെന്നും വിജീഷ് പറയുന്നു.
Recent Comments