“ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവർ പറഞ്ഞ പ്രശ്നം”- നീന കുറുപ്പ്

 

മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറസാന്നിധ്യമാണ് നീന കുറുപ്പ്. മികച്ച കഥാപാത്രങ്ങളിലൂടെ ടെലിവിഷൻ രംഗത്തും, സിനിമയിലും സജീവമാണ് താരം. 1987 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ചിത്രത്തിലൂടെയാണ് നീന കുറുപ്പ് അഭിനയ ലോകത്തേക്ക് കടന്നത്. അതേ ചിത്രം തന്നെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതും. തൻറെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും താരം മനസ്സ് തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേ നേടുന്നത്.

“ഒരിക്കലും മറക്കാൻ പറ്റാത്തതാണ് ആദ്യസിനിമയായ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ ലെ അശ്വതിയെ. അഭിനയം എനിക്ക് വഴങ്ങുന്നതാണെന്ന് ബോധ്യപ്പെടുത്തി തന്നത് അശ്വതി എന്ന കഥാപാത്രമാണ്. ആ സ്നേഹം എല്ലാ കാലത്തും ആ കഥാപാത്രത്തിനോടുണ്ട്. എങ്കിലും, എന്നെ മലയാളികൾ അംഗീകരിച്ചത് ‘പഞ്ചാബി ഹൗസി’ലെ കരിഷ്മയായപ്പോഴാണെന്നു തോന്നുന്നു. അതിനു മുൻപും ശേഷവും ഒരുപാട് സീരിയലുകളും സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും എന്നെ ഏറ്റവുമധികം ആളുകൾ ഇന്നും ഓർക്കുന്നതും തിരിച്ചറിയുന്നതും ആ വേഷം കാരണമാണ്”, നീന പറയുന്നു. കൂടാതെ സിനിമ കഴിഞ്ഞാൽ യാത്ര ചെയ്യാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് നീന പറയുന്നു. ഈ വർഷം തന്നെ നാൽപ്പതിലേറെ ചിത്രങ്ങളാണ് നീനയുടെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. ഈ സന്തോഷത്തിനിടയിലും സിനിമയിൽ തന്നെ വല്ലാതെ വേദനിപ്പിച്ച നിമിഷങ്ങളും ഉണ്ടായിട്ടുണ്ടെന്നും നീന പറഞ്ഞു.

“മിഖായേലിന്റെ സന്തതികൾ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോൻ നായകനായി ‘പുത്രൻ’ എന്ന സിനിമ വന്നത്. സീരിയലിൽ ബിജു മേനോൻ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോൾ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതു പോലുമില്ല. 27 വർഷം മുൻപു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും എനിക്ക് വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവ്. അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ട്. ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവർ പറഞ്ഞ പ്രശ്നം. എന്നെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോർത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാൻ കൊണ്ടുനടക്കുന്നില്ല. എല്ലാം മനസിന്റെ സ്ട്രോങ് റൂമിൽ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി”, നീന തുറന്ന് പറയുകയുണ്ടായി.