മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭ, അഭിനയത്തിന്റെ കൊടുമുടിയില്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി പഞ്ചവടിപ്പാലവും മണിച്ചിത്രത്താഴും കടന്ന് ലോകത്തോളം ഉയര്‍ന്ന പ്രിയപ്പെട്ട കലാകാരന്‍ നെടുമുടി വേണു ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍ ലോകത്തിന് നെറുകയിലേക്ക് നടക്കാന്‍ ആ കലാകാരനെ പ്രേരിപ്പിച്ചു. അഞ്ഞൂറിലധികം വേഷങ്ങള്‍ തകര്‍ത്താടി. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും അങ്ങനെയങ്ങനെ ലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ഇരിപ്പിടമുണ്ടാക്കാന്‍ ആ മനുഷ്യന് കഴിഞ്ഞു.
കരളിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു തവണ ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പത്‌നി ടി.ആര്‍.സുശീല കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നുവെങ്കിലും നെടുമുടി സമ്മതം നല്‍കിയില്ല.അര നൂറ്റാണ്ടോളം സിനിമയിലും നാടകത്തിലുമായി തിളങ്ങി നിന്ന നടനായിരുന്നു . അഞ്ഞൂറിലേറെ സിനിമകളില്‍ വേഷമിട്ടു. വില്ലനായും സഹനടനായും സ്വഭാവനടനായുമൊക്കെ ഒട്ടേറെ പകര്‍ന്നാട്ടങ്ങള്‍. അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷക മനസ്സില്‍ പ്രതിഷ്ഠിച്ച അഭിനേതാവ്. സ്‌കൂള്‍ പഠനകാലത്ത് നാടകങ്ങള്‍ എഴുതി. കോളജ് കാലത്തിനുശേഷം കുറച്ചുകാലം പത്രപ്രവര്‍ത്തകനായും പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. പിന്നീട് പ്രഫഷനല്‍ നാടകങ്ങളുടെ ഭാഗമായി. നെടുമുടിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് താമസം മാറിയ ശേഷമാണ് നടനെന്ന നിലയില്‍ പ്രശസ്തനാകുന്നത്. സൗഹൃദം പകര്‍ന്നു നല്‍കിയ പിന്‍ബലത്തിലാണ് അദ്ദേഹം ഇവിടെ പാര്‍പ്പുറപ്പിച്ചത്. കാവാലം, അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍, ഭരത് ഗോപി തുടങ്ങിയവരുമായുള്ള ബന്ധവും സൗഹൃദവും ആഴത്തിലുള്ളതായിരുന്നു.
1978 ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പിലൂടെ അരങ്ങേറ്റം. ഭരതന്റെ ആരവത്തിലൂടെ മികച്ച നടനെന്ന പേരെടുത്തു. ഭരതന്റെ സംവിധാനത്തില്‍ തന്നെ ഒരുങ്ങിയ ‘തകര’യിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രത്തിലൂടെ നെടുമുടി വേണു താരപരിവേഷം നേടിയെടുത്തു. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരക്ടര്‍ വേഷങ്ങളിലേക്കുള്ള ചുവടുവയ്പ്പായി. 3 തവണ ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.
Recent Comments