ദുരന്തത്തില്‍ വിറച്ച് നില്‍ക്കുന്ന കുട്ടിക്കല്ലിലെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി; അവശ്യവസ്തുക്കളും ജലസംഭരണികളും എത്തിച്ച് നല്‍കി മമ്മൂട്ടിയുടെ കൈത്താങ്ങ്

കേരളത്തെ പിടിച്ചുലച്ച ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ വിറച്ച് നില്‍ക്കുകയാണ് കുട്ടിക്കല്‍. കുട്ടിക്കല്ലിലായിരുന്നു മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. നിരവധി ജീവനുകളാണ് പെരുമഴയെ തുടര്‍ന്ന് നഷ്ടപ്പെട്ടത്. നിരവധി ആളുകള്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. ആജീവനാന്ത കാലം സമ്പാദിച്ച് വച്ച സമ്പാദ്യം ഒരോറ്റ മഴയില്‍ ഒലിച്ചു പോവുകയായിരുന്നു.

ദുരന്തം വിതച്ച കുട്ടിക്കല്ലിലെ സഹോദരങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് മമ്മൂട്ടി, പ്രളയം തകര്‍ത്ത കൂട്ടിക്കല്ലിലെ ജനതയെ ചേര്‍ത്ത് പിടിക്കുന്നത്.

വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം രാവിലെയോടെ കൂട്ടിക്കലില്‍ എത്തി സേവനം തുടങ്ങി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിയത്. വിദഗ്ദ സംഘത്തിന് ഒപ്പം ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മമ്മൂട്ടി അയച്ചിരുന്നു.

മെഡിക്കല്‍ സംഘത്തിനെ കൂടാതെ മറ്റ് സഹായവും മമ്മൂട്ടി ഇവിടെ എത്തിച്ചു നല്‍കി. പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികള്‍ മമ്മൂട്ടി കൂട്ടിക്കലില്‍ എത്തിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങി മറ്റ് അവശ്യവസ്തുകള്‍ അടങ്ങുന്ന രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്തു.

ഇപ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ അടിയന്തരസേവനം ആണെന്നും കൂടുതല്‍ സഹായങ്ങള്‍ വരും ദിവസങ്ങളില്‍ ദുരന്തബാധിതരില്‍ എത്തിക്കുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.