പ്രിയപ്പെട്ട കോടിയേരി സഖാവ് വിട പറഞ്ഞിരിക്കുന്നു, ചിന്തകളില്ലാത്ത, മുദ്രാവാക്യമില്ലാത്ത, ചുവന്ന കൊടിയുടെ ഊര്‍ജമില്ലാത്ത മൗനത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ എന്ന അധ്യായം അവസാനിച്ചു. ഇനിയാ ഓര്‍മകള്‍ ചരിത്രം പറയട്ടെ…വിപ്ലവം ചോരാത്ത ആ മുദ്രാവാക്യങ്ങള്‍ ലോകമേറ്റു പാടട്ടെ..
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ രാത്രി ലോകത്തോട് വിടപറഞ്ഞു. അതുല്യനായ സംഘാടകനും പക്വമതിയായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു കോടിയേരി. കണ്ണൂരിന്റെ രാഷ്ടീയക്കളരിയിലാണു കോടിയേരി പിച്ചവച്ചു തുടങ്ങിയത്.
സ്‌കൂള്‍ പഠനകാലത്തു തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1970 ല്‍ ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറിയായി. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളജില്‍ യൂണിയന്‍ ചെയര്‍മാനായി. അങ്ങനെയങ്ങനെ കെഎസ്എഫിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു. 1973ല്‍ അദ്ദേഹം കോടിയേരി ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അടിയന്തരാവസ്ഥ കാലത്ത് 16 മാസം മിസ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1982 വരെ ഡിവൈഎഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1988ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 1995 വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1995ല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തി. 2002ല്‍ കേന്ദ്ര കമ്മിറ്റിയിലും 2008ല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിലും എത്തി.
2015ലാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയാവുന്നത്. 2018 ലും 2022 ലും ആ സ്ഥാനത്തു തുടര്‍ന്നു. തലശ്ശേരിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച കോടിയേരി വി.എസ്.മന്ത്രിസഭയില്‍ ആഭ്യന്തര ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. അദ്ധേഹം തലശേരി മണ്ഡലത്തില്‍ നിന്നു കോടിയേരി അഞ്ചുതവണ എംഎല്‍എയായി. മാത്രമല്ല, കോടിയേരി മൂന്നു വര്‍ഷം നിയമസഭയുടെ പബ്ലിക് അക്കൗണ്ടന്റ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ലൈബ്രറി ഹൗസ് കമ്മിറ്റികളിലും ജലസേചന, വൈദ്യുതി സബ്ജക്ട് കമ്മിറ്റിയിലും അംഗമായി. പ്രതിപക്ഷ ഉപനേതാവായിരിക്കേ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തിയ കോടിയേരി, 2006ല്‍ കോണ്‍ഗ്രസിന്റെ ഗ്ലാമര്‍താരം രാജ്മോഹന്‍ ഉണ്ണിത്താനെ പതിനായിരത്തില്‍പരം വോട്ടുകള്‍ക്ക് അടിയറവു പറയിച്ചാണ് നിയമസഭയിലെത്തിയതും ആഭ്യന്തര മന്ത്രിയായതും. 2011-ല്‍ 26,509 വോട്ടുകള്‍ക്ക് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.
അദ്ധേഹത്തിന്റെ ഭൗതികശരീരം ഇന്ന് 11 മണിക്ക് മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലശേരിയില്‍ നടക്കും. ഇന്ന് ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദര്‍ശനം. 3ന് രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് അദ്ധേഹത്തിന്റെ സംസ്‌കാരം നടക്കും. ഓര്‍മയുടെ പടവുകളിലേക്ക് ആ ചരിത്രം വഴിമാറുകയാണ്.
Recent Comments