മരിച്ചാലും മറക്കാത്ത ഓര്‍മകളാണ് സിനിമാതാരം കല്‍പ്പനയുടേത്… എത്രയെത്ര നല്ല സിനിമകളാണ് അവര്‍ നമുക്ക് നല്‍കിയത്. കൊഴിഞ്ഞു പോയത് കല്‍പ്പവൃക്ഷമാണ്. കല്‍പ്പനയുടെ പഴയ അഭിമുഖങ്ങളിലെ ഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുകയാണ്. തന്റെ ജനനത്തെക്കുറിച്ച് കല്‍പ്പന മുമ്പ് ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വായിക്കാം..
ഞങ്ങള്‍ അഞ്ച് മക്കളില്‍ ഞാന്‍ മാത്രമാണ് കുടുംബത്തില്‍ പിറന്നത്. ബാക്കിയെല്ലാവരും ആശുപത്രിയിലായിരുന്നു. ഒരു വിജയദശമി ദിനത്തിലാണ് ഞാന്‍ ജനിക്കുന്നത്. പൂജ വെക്കുന്നതിന് തലേന്ന് അമ്മയ്ക്ക് ഡാന്‍സ് പ്രോഗ്രാം ഉണ്ടായിരുന്നു. അമ്മ എന്നെ വയറ്റിലിട്ട് ഡാന്‍സൊക്കെ കളിച്ച് വീട്ടില്‍ വന്നു. അര്‍ധരാത്രിയായപ്പോള്‍ വയറ് വേദന ഉണ്ടായി. അസമയം ആയല്ലോ, ആശുപത്രിയില്‍ പോവാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഇന്നെന്തായാലും പ്രസവം ഉണ്ടാവില്ലെന്ന് അമ്മ പറഞ്ഞത് കൊണ്ട്, പോയില്ല. പക്ഷേ രാത്രി വേദന കൂടിയതോടെ ഒരു വയറ്റാട്ടിയെ കൂട്ടികൊണ്ട് വന്നു. അവര്‍ അകത്തേക്ക് കയറി നോക്കിയതും വീട്ടില്‍ കറന്റ് പോയി. ഒരു വിളക്ക് കത്തിച്ചോണ്ട് വരാന്‍ അച്ഛന്റെ അമ്മയോട് പറഞ്ഞു. അന്ന് മണ്ണെണ്ണ വിളക്കാണ്. അച്ഛമ്മ പോയി എടുത്തോണ്ട് വന്നത് ഉമീക്കരിയും രണ്ട് ഈര്‍ക്കിലിയും. അച്ഛമ്മയ്ക്ക് സമനില തെറ്റിയത് പോലെയായി. എങ്കിലും കുറച്ച് കഴിഞ്ഞപ്പോഴെക്കും വിളക്ക് കിട്ടി.
കൊഞ്ച് തീയലും അയല വറുത്തതും കൂട്ടി വയറ് നിറച്ചും കഴിച്ചതിന് ശേഷമാണ് ഞാന്‍ ജനിച്ചത്. ബാക്കി സഹോദരങ്ങളൊക്കെ ജനിച്ചപ്പോള്‍ അമ്മ പട്ടിണിയിലായിരുന്നു. ഇത്രയും ഭക്ഷണം കഴിച്ചത് കൊണ്ടാണോ അതോ പ്രസവവേദനയാണോ എന്ന് അമ്മയ്ക്ക് മനസിലായില്ല. വയറ് ഒഴിഞ്ഞപ്പോഴാണ് കുഞ്ഞ് പുറത്ത് വന്നല്ലേ എന്ന് അമ്മ പറയുന്നത്. അനക്കമില്ലല്ലോ എന്ന് പറഞ്ഞ് വിളക്ക് ചെരിച്ച് നോക്കുമ്പോള്‍ ഞാന്‍ കട്ടിലിന്റെ സൈഡില്‍ കിടപ്പുണ്ട്. എന്നെ കൈയ്യിലെടുത്ത ശേഷം ചന്തിയ്ക്ക് ഒറ്റൊരു അടി അടിച്ചു. അന്ന് തുറന്ന എന്റെ വായ ഇന്നും അടച്ചിട്ടില്ലെന്ന് അമ്മ പറയും. ഒറ്റക്കരച്ചിലായിരുന്നു. ആ ദിക്ക് മുഴുവന്‍ എന്റെ കരച്ചില്‍ കേട്ടിട്ടുണ്ടാവും. ബാക്കി മക്കളെയൊക്കെ അമ്മ പട്ടിണി കിടന്നും വേദനിച്ചും പ്രസവിച്ചതാണ്. അതുകൊണ്ട് ഇന്നും എവിടെ പോയാലും എനിക്ക് കൃത്യമായി ഭക്ഷണം കിട്ടും.
Recent Comments