‘ഈ അവാര്‍ഡ് എന്റെ അല്ല’; മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ വാര്‍ത്തയോട് ജയസൂര്യ പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസമായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. 51-ാം ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത് ജയസൂര്യയായിരുന്നു. വെള്ളം സിനിമയിലെ പ്രകടനത്തിനായിരുന്നു ജയസൂര്യയെ തേടി അവാര്‍ഡ് എത്തിയത്. സിനിമ പ്രേക്ഷകര്‍ അംഗീകരിച്ച അഭിനയം ജൂറി അംഗങ്ങളും അംഗീകരിച്ചതോടെ ജയസൂര്യയെ തേടി അവാര്‍ഡ് എത്തുകയായിരുന്നു.

അവാര്‍ഡ് നേട്ടത്തില്‍ ജയസൂര്യക്ക് ആശംസകളുമായി ഒട്ടേറെ പേര് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ജയസൂര്യ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയസൂര്യ നന്ദി പറഞ്ഞത്. ഈ അവാര്‍ഡ് എന്റെ അല്ല. നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ് എന്നാണ് ജയസൂര്യ പറയുന്നത്.

ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ല എന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇന്ന് എന്നെ ബെസ്റ്റ്ആക്ടര്‍ അവാര്‍ഡിന് അര്‍ഹമാക്കിയ മൂന്ന് സിനിമകള്‍ അതിന്റെ എല്ലാ അണിയറ സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ് . ഈ അവാര്‍ഡ് എന്റെ അല്ല.നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ് എന്നും ജയസൂര്യ പറഞ്ഞു.

ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം. മത്സരം എപ്പോഴും ഒന്നാമന്‍ ആകാന്‍ വേണ്ടി ആണ്. അത് അസൂയ, നിരാശ,വിദ്വേഷം എല്ലാം ഉണ്ടാക്കും, എല്ലാത്തിനുപരി അത് നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തും എന്നാണ് ജയസൂര്യ പറയുന്നത്.

ഹൃദയം അറിഞ്ഞ് സമര്‍പ്പിക്കുക എന്നതാണ് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം.. അതാണ് ഞാന്‍ ഈ സിനിമകളില്‍ ചെയ്യാന്‍ ശ്രമിച്ചതും. ആക്ടര്‍ ഒരു ഉപാധി മാത്രമാണ് ,നമ്മുടെ ഹൃദയം മിടിക്കുന്നതിനും, ശ്വാസം നിലനിര്‍ത്തുന്നതിനുമൊക്കെ കാരണമായ അദൃശ്യമായ ഒരു ശക്തി ആണ് ഇതും ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും എന്നാണ് എന്റെ വിശ്വാസം. അവിടെ എനിക്ക് സ്ഥാനമില്ല. ആ ശക്തി ആരോട് മത്സരിക്കാനാണ്..? എന്തിന് മത്സരിക്കാനാണ്?

തീര്‍ച്ചയായും ഈ അവാര്‍ഡ് എന്നെ സന്തോഷവാനും , കൂടുതല്‍ ഉത്തരവാദിത്തമുള്ളവനും ആക്കുന്നുണ്ട്. ഈ സന്തോഷത്തിലുപരി ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന പ്രതിഭാശാലികളായ കലാകാരന്‍മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം എന്നും ജയസൂര്യ കുറിച്ചു.

ഒരുപാട്‌പേര്‍ വിളിച്ചിരുന്നു സിനിമാ സൗഹൃദങ്ങള്‍, പരിചയമുള്ള സുഹൃത്തുക്കള്‍,പരിചയമില്ലാത്ത സനേഹിതര്‍, നിങ്ങളുടെ സ്‌നേഹവും, പ്രാര്‍ത്ഥനകളും ആണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം എന്ന തിരിച്ചറിവ് എന്നും ഉണ്ട്.. ഈ സ്‌നേഹം എന്റെ സിനിമകളിലൂടെ ഞാന്‍ തിരിച്ചു തരും.. എന്നത് മാത്രമാണ് നിങ്ങള്‍ക്കെന്റെ ഗുരുദക്ഷിണ.എല്ലാവര്‍ക്കും എന്റെ സ്‌നേഹവും നന്ദിയും… ഒപ്പം ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ എനിക്ക് താങ്ങായ എന്റെ കുടുംബത്തിനും.. എന്നും ജയസൂര്യ പറഞ്ഞു.