HomeEntertainmentഉര്‍വശിയോട് എനിക്ക് ജീവിതത്തില്‍ ഒരുപാട് കടപ്പാടുണ്ടെന്ന് നടന്‍ ജഗദീഷ്

ഉര്‍വശിയോട് എനിക്ക് ജീവിതത്തില്‍ ഒരുപാട് കടപ്പാടുണ്ടെന്ന് നടന്‍ ജഗദീഷ്

കവിത രഞ്ജിനിയെന്ന ഉര്‍വ്വശി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ്. സഹോദരങ്ങളായ കലാരഞ്ജിനി, കല്‍പ്പന, കമല്‍റോയ്, പ്രിന്‍സ് എന്നീ നാലു പേരും സിനിമാതാരങ്ങളാണ്. ഉര്‍വശി തന്റെ എട്ടാംവയസ്സിലാണ് അഭിനയമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1978 ല്‍ റിലീസ് ചെയ്ത വിടരുന്നമൊട്ടുകള്‍ ആയിരുന്നു അദ്യ ചിത്രം. സഹോദരി കല്‍പ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979 ല്‍ കതിര്‍ മണ്ഡപം എന്ന സിനിമയില്‍ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980 ല്‍ ശ്രീവിദ്യയുടെ ഡാന്‍സ് സ്റ്റുഡന്റായി ദ്വിഗ് വിജയം എന്ന സിനിമയിലും അഭിനയിച്ചു.

ഉര്‍വശി തന്റെ പതിമൂന്നാമത്തെവയസ്സിലാണ് നായികയാവുന്നത്. കാര്‍ത്തിക് നായകനായ തൊടരും ഉണര്‍വ്വ് എന്ന ചിത്രത്തില്‍. നായികയായി റിലീസ് ആയ ആദ്യചിത്രം 1983 ല്‍ റിലീസ്‌ചെയ്ത ഭാഗ്യരാജ് സംവിധാനം ചെയ്ത ‘മുന്താണൈ മുടിച്ച്’ ആയിരുന്നു. വന്‍ വിജയമായ മുന്താണൈ മുടിച്ച് ഉര്‍വശിയുടെ സിനിമാജീവിതത്തില്‍ ഒരു വഴിത്തിരിവായി.

എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായ ആദ്യ മലയാള സിനിമ. അഭിനേത്രി മാത്രമല്ല കഥാകൃത്തും കൂടിയാണ് ഉര്‍വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉര്‍വശി എഴുതിയതാണ്. പിടക്കോഴികൂവുന്ന നൂറ്റാണ്ടിന്റെ നിര്‍മ്മാതാവും അവര്‍ തന്നെയാണ്. അഞ്ച് തവണ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡ് ഉര്‍വ്വശി നേടിയിട്ടുണ്ട്. ഒരുതവണ തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2006 ല്‍ മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശിയ്ക്കു ലഭിച്ചു.

ജഗദീഷ് ഉര്‍വശിയെ കുറിച്ച് പറഞ്ഞത്

80 കളിലും 90 കളിലും സൂപ്പര്‍ ഹിറ്റ് നായികയായ ഉര്‍വശി സൂപ്പര്‍ സ്റ്റാറുകളുടെ നായിക എന്നതിലുപരി സംവിധായകരുടെ പ്രിയപ്പെട്ട നടിയായിരുന്നു. അന്ന് കോമഡി വേഷങ്ങള്‍ ചെയ്തിരുന്ന നടന്‍ ജഗദീഷ്, ശ്രീനിവാസന്‍ തുടങ്ങിയവരുടെ നായികയായി ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. ജീവിതത്തില്‍ വലിയ കടപ്പാടുള്ള നടിയും സുഹൃത്തുമാണ് ഉര്‍വശിയെന്നാണ് ഒരുവേള നടന്‍ ജഗദീഷ് പറഞ്ഞത്. ഇരുവരും ഒരുമിച്ച് ഭാര്യ, സ്ത്രീധനം തുടങ്ങി ആറോളം സിനിമകളില്‍ നായികാ നായകന്‍മാരായി അഭിനയിച്ചിരുന്നു. എനിക്കേറ്റവും അടുപ്പമുള്ള നടി ഉര്‍വശി ആണ്. ഞാനൊരു കൊമേഡിയനാണെന്നുള്ള ധാരണ മാറ്റിയിട്ട് നിങ്ങള്‍ക്കൊരു ഹീറോ ആവാനാവും നിങ്ങളൊരു ഹീറോ ആണ് എന്ന് പറഞ്ഞ് എനിക്ക് കോണ്‍ഫിഡന്‍സ് തന്നിട്ടുള്ളത് ഉര്‍വശി ആണ്. കാരണം ഉര്‍വശി വളരെ സീനിയറായ ഒരു ഹീറോയിനാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കമല്‍ ഹാസന്റെയും ടോപ് ഹീറോയിന്‍. അവരോടാെപ്പമഭിനയിച്ച് ജഗദീഷിന്റെ ഹീറോയിനായിട്ട് വരുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ മുഴുവന്‍ സംസാരമായിരുന്നു. ഉര്‍വശി താഴോട്ട് പോയി, ജഗദീഷിന്റെ ഹീറോയിനായി എന്ന് പറഞ്ഞു. ആ സമയത്ത് അത് മൈന്‍ഡ് ചെയ്യാതെ എന്റെ ഹീറോയിനായി ആറേഴ് സിനിമകളില്‍ അഭിനയിച്ച ഉര്‍വശിയോട് എനിക്ക് ജീവിതത്തില്‍ വലിയ കടപ്പാടുണ്ടെന്നും ജഗദീഷ് പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നടന്‍ മനോജ് കെ ജയനെയാണ് ഉര്‍വശി വിവാഹം ചെയ്തത്. 2000 ത്തില്‍ ആയിരുന്നു വിവാഹം. 2008 ല്‍ അവര്‍ വിവാഹമോചിതരായി. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. പേര് തേജാലക്ഷ്മി. 2013 ല്‍ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. അതില്‍ ഒരു മകനുണ്ട്, പേര് ഇഷാന്‍ പ്രജാപതി.

Most Popular

Recent Comments