സെക്കന്റ് ഷോ എന്ന സിനിമയിലൂടെ കടന്നു വന്ന താരമാണ് ഗൗതമി നായര്‍. പിന്നീട് ഡയമണ്ട് നെക്ലേസിലൂടെ ജനപ്രീതി നേടി. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം താരം തിരിച്ചു വരികയാണ്. ഇപ്പോഴിതാ ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം മേരി ആവാസ് സുനോയിലൂടെ തിരികെ വന്നിരിക്കുകയാണ് ഗൗതമി. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഗൗതമി മനസ് തുറക്കുകയാണ്.
സിനിമയലില്‍ നിന്ന് ഇടവേളയെടുത്തത് മനപ്പൂര്‍വ്വം അല്ലെന്നാണ് ഗൗതമി പറയുന്നത്. അവസരങ്ങള്‍ കിട്ടാതെ വന്നതു കൊണ്ട് സംഭവിച്ചതാണെന്നാണ് ഇടവേളയെക്കുറിച്ച് ഗൗതമി പറയുന്നത്. വിചാരിച്ചതു പോലെയുള്ള കഥാപാത്രങ്ങള്‍ വന്നില്ല. അങ്ങനെയാണ് ഞാന്‍ പഠനത്തിലേക്ക് തിരിഞ്ഞത്. സൈക്കോളജിയായിരുന്നു പഠിച്ചത്. ഇതിനിടെ ന്യൂറോ സയന്‍സിനോട് ഇഷ്ടം തോന്നി. 2020 മുതല്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ന്യൂറോ സയന്റിസ്റ്റ് റിസര്‍ച്ച് ഫെലോ ആയി ജോലി ചെയ്തുവരികയാണെന്നും ഗൗതമി പറയുന്നു. ഇതിനിടെ തനിക്ക് ചില അവസരങ്ങള്‍ വന്നിരുന്നുവെന്നും പക്ഷെ പരീക്ഷയായതിനാല്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഗൗതമി പറയുന്നു. അതുകൊണ്ടാകാം താന്‍ സിനിമ അഭിനയം നിര്‍ത്തിയെന്ന് ചിലര്‍ ചിന്തിച്ചതെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ സിനിമയെ താന്‍ വിട്ടു കളഞ്ഞിട്ടില്ലെന്നും ദിവസവും ഒരു സിനിമയെങ്കിലും കാണുമെന്നും തീയേറ്ററില്‍ റിലീസാകുന്ന സിനിമകളൊക്കെ പോയി കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.
സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കാനുള്ള ഉപദേശവും ഗൗതമി പങ്കുവെക്കുന്നുണ്ട്. സിനിമ എന്ന് പറഞ്ഞാല്‍ പലര്‍ക്കും ഭ്രാന്താണ്. സിനിമയിലേക്കുള്ള തുടക്കം കിട്ടിക്കഴിഞ്ഞാലും പിന്നീട് ഇഷ്ടപ്പെട്ട സിനിമ കിട്ടണമെന്നില്ല. അതിനു വേണ്ടി ഒത്തുതീര്‍പ്പുകള്‍ ചെയ്യാതിരിക്കുക എന്നാണ് ഗൗതമി പറയുന്നത്. ക്രിയാത്മകമായി മറ്റെന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണം. സിനിമ ഇല്ലെന്നു കരുതി തനിക്കൊരു കോംപ്ലെക്സും തോന്നിയിട്ടില്ലെന്നും താരം പറയുന്നു.
വരുമ്പോള്‍ ചെയ്യാം എന്നു കരുതി കാത്തിരിക്കുകയായിരുന്നു താന്‍ എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇതൊക്കെ പറയാന്‍ എളുപ്പമാണെങ്കിലും ആ സമയത്ത് അങ്ങനെ ചെയ്യുക അത്ര എളുപ്പമായിരിക്കില്ലെന്നും ഗൗതമി പറയുന്നു. അതേ സമയം താന്‍ തനിച്ചാണ് തന്നെ വീണ്ടെടുക്കുന്നത് എന്നാണ് ഗൗതമി പറയുന്നത്. ഒറ്റയ്ക്കിരുന്നത് സങ്കടത്തില്‍ നിന്നും പുറത്ത് കടക്കാന്‍ നോക്കും. എന്നാല്‍ കുറേ കരഞ്ഞു കഴിയുമ്പോള്‍ ബോറടിക്കും. എന്നെക്കൊണ്ട് തോറ്റല്ലോ എന്ന് തോന്നുമെന്നും ഗൗതമി പറയുന്നു.
Recent Comments