“നിന്റെ സ്വപ്നങ്ങളെ പിന്തുടരുക”. പ്രിയതമയ്ക്ക് പിറന്നാളാശംസകൾ നേർന്നു ആഷിക് അബു.

മലയാളത്തിന്റെ പ്രിയ നായിക റിമാ കല്ലിങ്കലിന്റെ ജന്മദിനമാണ് ഇന്ന്. തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ഭർത്താവും, സംവിധായകനുമായ ആഷിക് അബു. “ജന്മദിനാശംസകൾ മൈ ലവ്, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുക”
എന്ന ക്യാപ്ഷനോടെ റിമയുടെ ഒരു മനോഹരമായ വീഡിയോയും പങ്കുവെച്ചുകൊണ്ട് ആയിരുന്നു ആഷിക് അബുവിന്റെ ആശംസ.

ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും, പ്രണയത്തിൽ ആകുന്നതും. തുടർന്ന് 2013 നവംബർ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. ആർഭാടങ്ങൾ ഒക്കെ ഒഴിവാക്കി കാക്കനാട് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു ഇവരുടെ വിവാഹം. ആഷിക് അബുവിനെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ റാണി പദ്മിനി, വൈറസ് എന്നീ ചിത്രങ്ങളിലും റിമ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇരുവരുടെയും നിർമ്മാണത്തിൽ തന്നെയായിരുന്നു ആ ചിത്രങ്ങൾ പുറത്തിറങ്ങിയതും.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ നടിയാണ് റിമ. ആദ്യ ചിത്രം കൊണ്ട് തന്നെ റിമ മലയാള ഇൻഡസ്ട്രിയിൽ തന്റെ സ്ഥാനമുറപ്പിച്ചു. അഭിനേതാവായി മാത്രം തുടരാതെ നർത്തകി, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം റിമ തന്റെ സ്ഥാനം അടയാളപ്പെടുത്തി കഴിഞ്ഞു. റിമയുടെയും, ആഷിക് അബുവിന്റെയും നിർമ്മാണത്തിൽ നിരവധി മലയാള ചിത്രങ്ങൾ ഇനി പുറത്തിറങ്ങാൻ ഉണ്ട്.

നടൻ ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ഭീമൻ വഴി എന്ന ചിത്രമാണ് ഇപ്പോൾ ഇരുവരും ചേർന്ന് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ജിനു ജോസഫ് എന്നിവ പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അഷറഫ് ഹംസയാണ്. തമാശ എന്ന ചിത്രത്തിന് ശേഷം അഷറഫ് ഒരുക്കുന്ന ചിത്രമാണിത്.ഈ ചിത്രത്തിൽ ഇവരോടൊപ്പം നിർമ്മാണത്തിൽ ചെമ്പൻ വിനോദും പങ്കാളിയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിൽ ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന നാരദൻ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. മായാനദി ക്കു ശേഷം അതേ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രംകൂടിയാണ് നാരദൻ.