ധനുഷും സഹോദരനും വീണ്ടും ഒന്നിച്ചെത്തുന്നു

തമിഴകത്തിലെ പോലെ തന്നെ മലയാളിപ്രേക്ഷകരുടെയും പ്രിയ താരമാണ് ധനുഷ്. ഏത് വേഷവും അനായാസമായി ചെയ്ത് പ്രേക്ഷകമനസ്സിൽ ഇടം നേടിയ ഒരു അതുല്യപ്രതിഭയാണ് ധനുഷ്. ധനുഷും സഹോദരൻ സെൽവരാഘവനും ഒന്നിച്ചപ്പോൾ സിനിമാപ്രേമികൾക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങളായിരുന്നു. അതിന്റെ ഉദാഹരണങ്ങളാണ് ധനുഷിന്റെ ആദ്യ ചിത്രമായ തുള്ളുവാദോ ഇളമൈ, കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, യാരടി നീ മോഹിനി, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങൾ. ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രം ‘നാൻ വരുവേൻ’ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗൺ മൂലം ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. സെൽവരാഘവൻ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ട്വിറ്റർ വഴിയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

ഓഗസ്റ്റ് 20 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണു അറിയിച്ചിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലെർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. വി ക്രീയേഷന്സിന്റെ ബാനറിൽ കലൈപുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. അരവിന്ദ് കൃഷ്ണ ചിത്രത്തിന്റെ ഛായാഗ്രഹണവും, യുവൻ ശങ്കർ രാജ ചിത്രത്തിന് വേണ്ടി സംഗീതവും ഒരുക്കും. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചോ, അണിയറപ്രവർത്തകരെ കുറിച്ചുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തു വരും.

കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ജഗമേ തന്തിരം’ ആണ് ധനുഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതും. മാരി സെൽവരാജിന്റെ സംവിധാനത്തിലിറങ്ങിയ ‘കർണ്ണൻ’ ആണ് ധനുഷ് അഭിനയിച്ച് തീയേറ്ററുകളിൽ റിലീസ് ആയ അവസാനചിത്രം. കർണ്ണൻ എന്ന ചിത്രത്തിലെ അഭിനയത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ധനുഷിന് ലഭിച്ചത്. ധനുഷ് ആരാധകർക്ക് അഭിമാനമായി ഹോളിവുഡ് ചിത്രത്തിലും ധനുഷ് തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. റൂസ്സോ ബ്രോതേഴ്‌സ് ഒരുക്കുന്ന ‘ദി ഗ്രേ മാൻ’ ൽ ധനുഷ് ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. റയാൻ ജോസ്ലിങ്, ക്രിസ് ഇവാൻസ്, അന ഡി അർമാസ് തുടങ്ങിയവരാണ് ഗ്രേ മാനിൽ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.