മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ അഭിനേതാവാണ് സുരേഷ്ഗോപി. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോള്‍ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് 1986-ല്‍ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന സിനിമയില്‍ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടര്‍ന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. അതില്‍ ശ്രദ്ധേയമായത് മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍ എന്നീ സിനിമകളിലെ വേഷങ്ങളാണ്. അതേ സമയം 1994-ല്‍ കമ്മീഷണര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അങ്ങനെ സുരേഷ് ഗോപി പ്രേക്ഷകരുടെ സൂപ്പര്‍ താര പദവിയിലേക്ക് നടന്നടുത്തു.
സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ഹാസ്യ സിനിമകളുടെ വേലിയേറ്റത്തില്‍ മലയാളികള്‍ ശ്രദ്ധ തിരിച്ചത് സുരേഷ് ഗോപിക്ക് പിന്നീട് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി. ലേലം, വാഴുന്നോര്‍, പത്രം എന്നീ സിനിമകളും വന്‍ വിജയമായിരുന്നു. 1997-ല്‍ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. പിന്നീട് കുറച്ചു കാലം സിനിമയില്‍ നിന്ന് അകന്നു നിന്ന സുരേഷ് ഗോപി 2005-ല്‍ ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന പേരില്‍ 11 വര്‍ഷം മുന്‍പ് ഇറങ്ങിയ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദര്‍ശനമാണ് ചിത്രം കാഴ്ച വച്ചത്. തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
2006ല്‍ ഷാജി കൊലക്കേസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി പുറത്തുവന്ന ഹിറ്റ് ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യം ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.
വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റക്കൊമ്പന്‍ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാല്‍ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. നിറഞ്ഞ കയ്യടികളോടെയാണ് ചുറ്റും നിന്ന ആരാധകര്‍ സുരേഷ് ഗോപിയുടെ വാക്കുകളെ ഏറ്റെടുത്തത്. ചിന്താമണി കൊലക്കേസില്‍ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രമാണ് ലാല്‍ കൃഷ്ണ വിരാടിയാര്‍. സുരേഷ് ഗോപിയുടെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് ലാല്‍ കൃഷ്ണ വിരാടിയാര്‍.
ഏറെ കാലങ്ങള്‍ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തുവന്ന പാപ്പന്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം 20 കോടിയോളം രൂപയാണ് പാപ്പന്‍ ഇതുവരെ കളക്ഷനായി സ്വന്തമാക്കിയത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. മാസ്സ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന പാപ്പനില്‍ വമ്പന്‍ താര നിരയാണ് അണിനിരന്നത്. നൈല ഉഷ, കനിഹ, നീതാ പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്.
Recent Comments