പ്രതീക്ഷ ഒട്ടും തെറ്റിയില്ല. ഇത് ഭീതിയുടെ ചതുർമുഖം. റിവ്യൂ.

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ മൂവി എന്ന വിശേഷണത്തോടെ ഇന്ന് തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ചതുർമുഖം. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും, സണ്ണി വെയ്നും ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാലാമതൊരു മുഖം. ആ നാലാമത്തെ മുഖം ആണ് ഈ സിനിമയുടെ കഥാഗതിയെ തന്നെ നിർണയിക്കുന്നത്. ആ നാലാമത്തെ മുഖം ഒരു വ്യക്തിയുടെതല്ല എന്നതാണ് മറ്റൊരു പുതുമ.

മഞ്ജു വാര്യരുടെ തേജസ്വിനി എന്ന കഥാപാത്രവും, സണ്ണി വെയിൻ അവതരിപ്പിക്കുന്ന ആന്റണി എന്ന കഥാപാത്രവും അലൻസിയറിന്റെ ക്ലൈമറ്റ് എന്ന കഥാപാത്രവും ആണ് ഈ സിനിമയിലുടനീളം സഞ്ചരിക്കുന്നത്. കോളേജിൽ സഹപാഠികളായിരുന്ന തേജസ്വിനിയും ആന്റണിയും, ഒരു സിസിടിവി സെക്യൂരിറ്റി സൊലൂഷൻസിന്റെ ബിസിനസ് നടത്തിവരികയാണ്. മൊബൈൽ ഫോണിന് അഡിക്റ്റാണ് തേജസ്വിനി. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ തന്റെ ചിത്രങ്ങളെടുക്കുകയും, അവയെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുക എന്നതാണ് തേജസ്വിനിയുടെ വിനോദം. അവളുടെ ഈ പ്രവർത്തികൾ അവളുടെ ചുറ്റും ജീവിക്കുന്നവരെ അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

അങ്ങനെയിരിക്കെ തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ തേജസ്വിനിയുടെ ഫോൺ നഷ്ടമാവുകയാണ്. ഫോണിൽ ജീവിക്കുന്ന തേജസ്വിനിക്ക് തന്റെ ഫോൺ ഇല്ലാതെ ഒരു നിമിഷംപോലും ജീവിക്കാൻ വളരെ ദുഷ്കരമാണ്. കയ്യിൽ ആവശ്യത്തിന് പണമില്ലാത്തതുകൊണ്ട് തന്നെ പുതിയ ഒരെണ്ണം വാങ്ങാനും സാധിക്കുന്നില്ല. ഫോണിലുള്ള തിരചിലിനിടയിൽ 4500 രൂപ വിലയുള്ള വിസ എന്ന കമ്പനിയുടെ സ്മാർട്ട്ഫോൺ തേജസ്വിനിയുടെയും ആന്റണിയുടെയും കണ്ണിൽ ഉടക്കുന്നു. ലിസ തേജസ്വിനിയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ദുരൂഹതകളും, ഭീതിയും നിറഞ്ഞ സംഭവങ്ങളാണ് ഈ സിനിമയെ ഒരു ഹൊറർ മൂഡിൽ എത്തിക്കുന്നത്.