ഇരു വിവാഹവും പരാജയം; പക്ഷേ ജീവിതം ഏറെ സന്തുഷ്ടം – ശാന്തി കൃഷ്ണാ

 

1976 മുതൽ തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമാണ് ശാന്തി കൃഷ്ണാ. സിനിമയിൽ ശോഭിച്ചിരുന്ന കാലത്തെ അതേ തിളക്കം തന്നെ താരത്തിനു വർഷങ്ങൾക്കിപ്പുറവും അഭിനയജീവിതത്തിലുണ്ട്. വിവാഹജീവിതത്തിന്റെ നൂൽപ്പാലത്തിലൂടെ നടത്തിയ സഹനയാത്ര പക്ഷേ താരത്തെ ഒട്ടും തളർത്തിയില്ല. ഏകദേശം നാല് പതിറ്റാണ്ട് മുൻപ് ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിലാണ് ശാന്തി ആദ്യമായി അഭിനയിക്കുന്നത്. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തില്‍ ശാന്തി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും സിനിമാ ജീവിതത്തിൽ അതൊരു വഴിത്തിരിവാകുകയും ചെയ്തു. ശേഷം പകരം വയ്ക്കാനില്ലാത്തത്ര മനോഹര വേഷങ്ങൾ താരത്തെ തേടിയെത്തി.

വിവാഹത്തെ തുടർന്ന് പെട്ടെന്ന് താരം സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. പത്തൊമ്പതാമത്തെ വയസ്സിൽ ആയിരുന്നു താരം വിവാഹിതയായത്. നടൻ ശ്രീനാഥുമായി പ്രണയത്തിലാതോടെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ശാന്തി സിനിമയിൽ അഭിനയിക്കുന്നത് വിലക്കിയ ശ്രീനാഥുമായുള്ള ദാമ്പത്യം അധിക നാൾ തുടർന്നില്ല. താന്‍ അഭിനയിക്കുന്നത് ശ്രീനാഥിന് ഇഷ്ടമല്ലായിരുന്നുവെന്നും, അവസരങ്ങള്‍ വരുമ്പോള്‍ അദ്ദേഹം വിലക്കി യിരുന്നുവെന്നും മുമ്പ് ശാന്തികൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അന്ന് പ്രണയത്തിനു പുറത്ത് സംഭവിച്ച വിവാഹമായിരുന്നെന്നും മാതാപിതാക്കളെ എതിർത്തായിരുന്നു വിവാഹമെന്നും ശാന്തി പറയുന്നു.

വെറും ഒമ്പതുവർഷത്തിൽ ആ ദാമ്പത്യം അങ്ങനെ അവസാനിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു. എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. തീരുമാനങ്ങൾ കുട്ടികളെ ബാധിക്കുമോ എന്ന ആശങ്ങ ഏറെയുണ്ടായിരുന്നു എന്നും അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നെന്നും നടി ഒരു മാധ്യത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഏകദേശം 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് ശാന്തി സിനിമലോകത്തേക്ക് തിരികെയെത്തിയത്. തുടർന്ന് മികച്ച പ്രകടനം കാഴ്ച വെച്ച നടിക്ക് സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. 1994ല്‍ ‘ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചിരുന്നു. കുട്ടനാടൻ മാർപ്പാപ്പ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കൃഷ്ണം, ലോനപ്പന്റെ മാമോദീസ, തിരികെ, അതിരൻ, ശുഭരാത്രി, മാർഗംകളി, അരവിന്ദന്റെ അതിഥികൾ എന്നിവയാണ് താരത്തിന്റെ തിരിച്ചുവരവ് ഓട്ടിയുറപ്പിച്ച ചിത്രങ്ങൾ.