അമ്പോ ഹെവി; ഭാവന നായികയായി എത്തുന്ന ‘ഭജറംഗി 2’ന്റെ ട്രെയ്‌ലര്‍ കണ്ട് ആരാധകര്‍

സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് ഭാവന. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച ഭാവന പിന്നീട് മറ്റ് ഭാഷ ആരാധകരുടെയും ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.മലയാളം, തമിഴ്, തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.

വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാത്ത താരം കന്നട ചിത്രത്തിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ശിവരാജ് കുമാര്‍ നായകനായി എത്തുന്ന ‘ഭജറംഗി 2’ല്‍ നായികയായിട്ടാണ് ഭാവന എത്തുന്നത്.

ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. ട്രെയിലര്‍ കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകര്‍.ചിത്രത്തിലൂടെ പ്രിയ താരത്തിന്റെ ശക്തമായ തിരിച്ചു വരവ് ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഹെവി ട്രെയിലര്‍ എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇത്. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുക. എ ഹര്‍ഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഭജറംഗി 2 മറ്റ് സിനിമകളും ഭാവനയുടേതായി കന്നടയില്‍ ഒരുങ്ങുന്നുണ്ട്.

തിലകിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോവിന്ദ ഗോവിന്ദ, നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിവയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങള്‍. മലയാളം സംവിധായകന്‍ സലാം ബാപ്പുവാണ് ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോമിന് തിരക്കഥയൊരുക്കുന്നത്.